കൂട്ടിക്കൽ: സംസ്ഥാനത്താകെ ഓപ്പറേഷൻ തൂഫാൻ പരിശോധനകൾ ശക്തമായി തുടരുമ്പോഴും കൂട്ടിക്കലിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം. പ്രവർത്തനം നിലച്ച പഴയ പോലീസ് എയ്ഡ് പോസ്റ്റും ടൗണും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ലഹരിസംഘങ്ങൾ തമ്പടിക്കുന്നത്. മേഖലയിൽ അക്രമങ്ങളും അടിപിടിയും വർധിക്കുമ്പോഴും അധികാരികൾ കാഴ്ചക്കാരാകുന്നുവെന്നാണു നാട്ടുകാരുടെ പരാതി.
ഇന്നലെ രാത്രിയിൽ പഴയ പോലീസ് എയ്ഡ് പോസ്റ്റ് ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ സാമൂഹ്യവിരുദ്ധർ അഗ്നിക്കിരയാക്കി. വാഹനം പൂർണമായും കത്തി നശിച്ചു. കൂട്ടിക്കൽ കരിപ്പായിൽ റസാഖിന്റെ (ബാബു) ഓട്ടോയാണ് കത്തിയത്. സംഭവത്തിന് പിന്നിൽ ലഹരി മാഫിയയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.
ബാബുവിന്റെ മകൻ ഇബ്രാഹിം കഴിഞ്ഞ ദിവസം വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. തുടർന്ന് മുണ്ടക്കയം പോലീസും കാഞ്ഞിരപ്പള്ളി ഫയർഫോഴ്സുമെത്തി ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ കീഴ്പ്പെടുത്തിയത്. മുണ്ടക്കയം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴി ചെളിക്കുഴിക്ക് സമീപത്ത് വച്ച് യുവാവ് ജീപ്പിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ലഹരിക്ക് അടിമയായ ഇബ്രാഹിം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി നാട്ടുകാർ തുടർച്ചയായി പരാതി ഉന്നയിച്ചിരുന്നു. ഇയാൾ തന്നെയാണോ പിതാവിന്റെ വാഹനം കത്തിച്ചതെന്ന സംശയവും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം, മണിക്കൂറുകളോളം ഭീതിവിതച്ച യുവാവിനെതിരേ യാതൊരു നടപടിയും സ്വീകരിക്കാൻ പോലീസ് തയാറായില്ല. കേസ് പോലും രജിസ്റ്റർ ചെയ്തില്ലെന്നും അതാണ് മേഖലയിൽ വീണ്ടും അനിഷ്ട സംഭവങ്ങൾ അരങ്ങേറാൻ കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.
കൂട്ടിക്കലിലും പരിസരങ്ങളിലും രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത രീതിയിൽ ലഹരിസംഘങ്ങൾ അഴിഞ്ഞാടുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കുട്ടികളെ കേന്ദ്രീകരിച്ചും ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയവും പലരും പങ്കുവയ്ക്കുന്നുണ്ട്. പ്രവർത്തനം നിലച്ച കൂട്ടിക്കലിലെ പോലീസ് എയ്ഡ് പോസ്റ്റ് വീണ്ടും തുറക്കണമെന്നും രാത്രികാലങ്ങളിൽ പോലീസ്, എക്സൈസ് വിഭാഗങ്ങളുടെ കർശന നിരീക്ഷണം മേഖലയിൽ ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.